Wednesday 27 February 2008

വേഡ്‌ വെരിഫിക്കേഷന്‍

ഇന്റര്‍ നെറ്റില്‍ വിവിധ വെബ്‌ ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ അവസാനഭാഗത്തായി വേഡ്‌ വെരിഫിക്കേഷന്‍ കാണാറുണ്ടല്ലോ. വിവരസാങ്കേതികവിദ്യാ രംഗത്ത്‌ ഇന്ന്‌ ഏറെ ഉപയോഗപ്രദമായ ഈ സംവിധാനത്തിന്‌ കാപ്‌റ്റ്‌ച (CAPTCHA) എന്നാണ്‌ പറയുന്നത്‌. ഇത്‌ എന്താണെന്ന്‌ വിശദീകരിക്കുന്നതിന്‌ മുന്‍പ്‌ എന്തുകൊണ്ട്‌ ഇത്തരം വെരിഫിക്കേഷന്‍ ആവശ്യമായി വരുന്നു എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. സൗജന്യ ഇമെയില്‍ പോലെയുള്ള സേവനങ്ങളുടെ വ്യാപനത്തോടെ ഇന്റര്‍നെറ്റിലേക്ക്‌ കൂടുതല്‍ ഉപഭോക്താക്കള്‍ എത്താന്‍ തുടങ്ങിയതോടൊപ്പം തന്നെ യൂസര്‍ എന്ന വ്യാജേന എത്തുന്നവയും ഉയര്‍ന്നുവരാന്‍ തുടങ്ങി.

യാഹൂ, അള്‍ട്ടാവിസ്‌ത, ഹോട്ട്‌മെയില്‍ എന്നിവ സൗജന്യ ഇമെയില്‍ സേവനം കൊടുത്തു തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ മനുഷ്യര്‍ക്ക്‌ പകരം കംപ്യൂട്ടര്‍ തന്നെ വിവിധ പേരുകളില്‍ ഫോം പൂരിപ്പിച്ച്‌ ഇമെയില്‍ വിലാസം കരസ്ഥമാക്കാന്‍ തുടങ്ങി. ഇതിനു പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്‌. ഒന്ന്‌ പ്രസിദ്ധനായ ഒരു വ്യക്തിയുടെ പേരിലും സമാനപേരിലും ഉള്ള ഐ.ഡി എല്ലാം ഇപ്രകാരം മെഷീന്‍ ഇ-മോഷണം നടത്തും. ഫലമോ ആ വ്യക്തി ദുര്‍ഗ്രാഹ്യമായ ഒരു മെയില്‍ ഐ.ഡി യിലേക്ക്‌ മാറാന്‍ നിര്‍ബന്ധിതനാകും. അല്ലെങ്കില്‍ പ്രസ്‌തുത വ്യക്തിയുടെ മെയില്‍ ഒരു വന്‍ തുക തന്നാല്‍ തിരിച്ചു നല്‍കാം എന്നു പറയും. ഇത്‌ വളരെയേറെ സാങ്കേതിക- സാമൂഹിക തടസങ്ങള്‍ സൗജന്യ ഇമെയില്‍ സേവന ദാതാക്കള്‍ക്കുണ്ടാക്കി. ഒരു മിനിട്ടില്‍ ഇത്തരത്തില്‍ 1000 ഇമെയില്‍ രജിസ്‌ട്രേഷന്‍ വരെ നടത്തിയ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ സംഗതിയുടെ ഗൗരവം ഐ.ടി ലോകത്തിന്‌ ബോധ്യപ്പെട്ടു. ഇതിനെ മറികടക്കാന്‍ ഒരു മാര്‍ഗമേ ഉള്ളൂ. രജിസ്റ്റര്‍ ചെയ്യുന്നത്‌ മെഷീന്‍ ആണോ മനുഷ്യനാണോ എന്ന്‌ ബോദ്ധ്യപ്പെടുത്തുക. മെഷീന്‍ വഴി ഇത്തരത്തില്‍ യാന്ത്രിക രജിസ്‌ട്രേഷന്‍ നടത്തുന്നതിനെ വെബ്‌ റോബര്‍ട്ടുകള്‍ അല്ലെങ്കില്‍ ബോട്ട്‌ എന്നാണ്‌ അറയപ്പെടുന്നു.


ബോട്ടാണോ മനുഷ്യനോണോ എന്ന്‌ തിരിച്ചറിയാനുള്ള സംവിധാനമാണ്‌ കാപ്‌റ്റച(CAPTCHA-Completely Automated Turing Test To Tell Computers and Humans Apart) വെബ്‌ രജിസ്‌ട്രേഷന്‍ ഫോമിന്റെ അവസാന ഭാഗത്ത്‌ വികലമാക്കപ്പെട്ട അല്ലെങ്കില്‍ മനുഷ്യന്‌ മാത്രം മനസിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ഒരു വാക്കോ അക്കങ്ങളോ ഉണ്ടാകും. രജിസ്റ്റര്‍ ചെയ്യുന്നത്‌ മനുഷ്യനാണെങ്കില്‍ ഇത്‌ നേരിട്ട്‌ വായിച്ച്‌ അതുപോലെ തന്നെ സമീപത്തുള്ള ബോക്‌സില്‍ ടൈപ്പ്‌ ചെയ്‌താല്‍ രജിസ്റ്റര്‍ നടപടി തുടരാം. അള്‍ട്ടാവിസ്‌ത, യാഹൂ എന്നീ സ്ഥാപനങ്ങളാണ്‌ ഇത്‌ ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്‌, ഇന്ന്‌ വിവിധ വെബ്‌ അധിഷ്‌ഠിത ആവശ്യങ്ങള്‍ക്കായി യുക്തമായ രീതില്‍ വേഡ്‌ വെരിഫിക്കേഷന്‍ തന്ത്രം ഉപയോഗിക്കുന്നുണ്ട്‌. മനുഷ്യനോണോ കംപ്യൂട്ടര്‍ ആണോ നിയന്ത്രിക്കുന്നത്‌ എന്ന്‌ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ ഇന്ന്‌ HIP (Human Interaction Proofs) എന്ന സവിശേഷ മേഖല തന്നെ സൃഷ്‌ടിച്ചുകഴിഞ്ഞു. Luis von Ahn ന്റെ നേതൃത്വത്തില്‍ കാര്‍നെഗെ മെലന്‍ (Carnegie Mellon) സര്‍വ്വകലാശാല യിലെ വിദഗ്‌ദരാണ്‌ കാപ്‌റ്റ്‌ച വികസിപ്പിച്ചെടുത്തത്‌. ഇതേ സമയത്തുതന്നെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെകനോളജി സമാനമായ ഒരു രീതി MHP (Mandatory Human Participation) എന്ന പേരില്‍ രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്ത്‌ ദിനം പ്രതി 60 ദശലക്ഷം കാപ്‌റ്റ്‌ച വെരിഫിക്കേഷന്‍ നടക്കുന്നുണ്ട്‌. ഓരോന്നും ശരാശരി പത്തുസെക്കന്റ ്‌ കംപ്യൂട്ടര്‍ സമയം എടുക്കുന്നുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌.


വേഡ്‌ വെരിഫിക്കേഷന്‍ നേട്ടങ്ങള്‍:

(1) ബ്ലോഗിലും വെബ്‌ ഫോറങ്ങളിലും ഉള്ള 'കമന്റ്‌ സ്‌പാം' നിരോധിക്കാനാകുന്നു. ഇല്ലെങ്കില്‍ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച്‌ പ്രത്യേക വാണിജ്യ ലക്ഷ്യങ്ങള്‍ ഉള്ള പരസ്യമോ മറ്റോ കമന്റ്‌ രൂപത്തില്‍ നമ്മുടെ ബ്ലോഗില്‍ എഴുതപ്പെടും. ഇത്‌ കംപ്യൂട്ടര്‍ മെമ്മറി അപഹരിക്കുമെന്ന്‌ മാത്രമല്ല. കമന്റ്‌ സ്‌പാമിന്റെ ബാഹുല്യത്തിനിടയില്‍ നിന്ന്‌ യഥാര്‍ത്ഥ കമന്റുകള്‍ തിരിച്ചറിയാന്‍ പോലും പ്രയാസമാകയും ചെയ്യും. നിങ്ങള്‍ കമന്റെഴുതുമ്പോള്‍ ഒരു വേഡ്‌ വെരിഫിക്കേഷന്‍ കൂടി പൂരിപ്പിക്കുക. ഇത്‌ മാത്രം ചെയ്‌താല്‍ കമന്റ ്‌ സ്‌പാം ഒഴിവാക്കി മുന്നേറാം.

(2) നേരത്തെ സൂചിപ്പിച്ചതുപോലെ അനധികൃത ഇ- മെയില്‍/വെബ്‌ ഫോം രജിസ്‌ട്രേഷന്‍ തടയാം.

(3)ഇ-മെയില്‍ വിലാസം സ്‌പാമര്‍മാരുടെ കൈവശം എത്തുന്നത്‌ തടയാം. ഗ്രൂപ്പ്‌ മെയിലുകളില്‍ ഇ-മെയില്‍ തുടങ്ങുന്ന അക്ഷരങ്ങള്‍ക്ക്‌്‌ ശേഷം ഡോട്ട്‌ അടയാളത്തുടര്‍ച്ച കാണാം. മനുഷ്യനാണ്‌ ഉപയോഗ പ്പെടുത്തുന്നതെങ്കില്‍ ഈ ഡോട്ട്‌ ചങ്ങലയില്‍ അമര്‍ത്തി വേഡ്‌ വെരിഫിക്കേഷന്‍ പൂരിപ്പിച്ചാല്‍ ശരിയായ ഇ-മെയില്‍ വിലാസം ദൃശ്യമാകും. ഇത്‌ വഴി യന്ത്രവല്‍കൃത സ്‌പാമിനെ ചെറുക്കാം

(4) ഓണ്‍ ലൈന്‍ സര്‍വെ/പോള്‍ എന്നിവ ഇന്ന്‌ പുതുമയല്ലല്ലോ. വോട്ടില്‍ HIP സംവിധാനം ഉണ്ടെങ്കില്‍ കൂട്ടത്തോടെയുള്ള വോട്ടിടല്‍, 'ഇ-ബൂത്ത്‌ പിടിത്തം' എന്നിവ ഒഴിവാക്കാം. അമേരിക്കയിലെ ഏറ്റവും മികച്ച കംപ്യൂട്ടര്‍ സയന്‍സ്‌ ബിരുദ പഠനപദ്ധതി നല്‍കുന്ന സ്ഥാപനത്തെ കണ്ടുപിടിക്കാന്‍ ഒരു ഓണ്‍ ലൈന്‍ വോട്ടെടുപ്പ്‌ നടപ്പാക്കുകയുണ്ടായി. വോട്ടെടുപ്പ്‌ സുഗമമായി മുന്നേറുന്നതിനിടെ കാര്‍നെഗെ മെലന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കംപ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടാക്കി നൂറുകണക്കിന്‌ വോട്ട്‌ ഒരുമിച്ച്‌ ചെയ്‌തു. ഇതറഞ്ഞ എം.ഐ.ടി യിലെ വിദ്യാര്‍ത്ഥി സമൂഹം മറ്റൊരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടാക്കി തിരിച്ചടിച്ചു. വെബ്‌ റോബര്‍ട്ടുകളുടെ രൂക്ഷമായ വോട്ടിംഗിനവസാനം ഫലം പ്രഖ്യപിച്ചപ്പോള്‍ 21,156 വോട്ടോടെ എം.ഐ.ടി ഒന്നാമതെത്തി, തൊട്ടടുത്ത്‌ കാര്‍നെഗെയും മൂന്നാം സ്ഥാനം മുതലുള്ളവര്‍ക്ക്‌ കേവലം ആയിരം വോട്ടില്‍ താഴെ മാത്രം. എങ്ങനെയുണ്ട്‌ വേഡ്‌ വെരിഫിക്കേഷന്‍ ഇല്ലാത്ത അവസ്ഥ!

(5) നിങ്ങളുടെ ഇ മെയിലിന്റെ പാസ്‌ വേഡ്‌ കണ്ടുപിടിക്കാനായി വെബ്‌ റോബര്‍ട്ടുകള്‍ നിഘണ്ടുവിലുള്ള വാക്കുകള്‍ എല്ലാം ഉപയോഗിച്ച്‌ ശ്രമം നടത്തും. ഇതിനെ തടയാനായി സേവനദാതാക്കള്‍ 5 അല്ലെങ്കില്‍ 6 ശ്രമം കഴിയുമ്പോള്‍ ഇമെയില്‍ തത്‌കാലത്തേക്ക്‌ നിര്‍ജീവ മാക്കുമായിരുന്നു. പക്ഷെ ഉപഭോക്താക്കള്‍ക്ക്‌ ഇത്‌ വലിയ അസൗകര്യം സൃഷ്‌ടിക്കും. ഇതൊഴിവാക്കാന്‍ മൂന്നാമത്തെ ശ്രമം മുതല്‍ ഒരു വേഡ്‌ വെരിഫിക്കേഷല്‍ കൂടി പൂരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മതിയാകും.


കാഴ്‌ച കേള്‍വി വൈകല്യം ഉള്ളവര്‍ക്ക്‌ പോലും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ശബ്‌ദ-ദൃശ്യാനുവര്‍ത്തി കാപ്‌റ്റ്‌ച വികസിപ്പിച്ചു കഴിഞ്ഞു. ഇതു കൂടാതെ കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ സഹായത്തോടെ ചോദ്യം ചോദിച്ച്‌ ഉത്തരം ലഭ്യമാകുന്ന (1+3=?) രീതിയും കോമണ്‍ സെന്‍സ്‌ ചോദ്യങ്ങളും (സൂര്യന്‍ ഉദിക്കുന്നത്‌ ഏത്‌ ദിക്കില്‍??,ആകാശത്തിന്റെ നിറമെന്ത്‌?) വെരിഫിക്കേഷന്‌ വേണ്ടി അപൂര്‍വ്വമായി ഉപയാഗിക്കാറുണ്ട.്‌


പുസ്‌തക പരിചയം

ഡോ.എ.പി.ജെ അബ്‌ദുള്‍കലാം തന്റെ വെബ്‌സൈറ്റിന്റെ(www.abdulkalam.com)ഭാഗമായി തുടങ്ങിയ ഇ-പത്രത്തിന്റെ പേരെന്ത്‌?

ബില്യണ്‍ബീറ്റ്‌സ്‌ (Billion Beats)


ഇന്‍ഫോ ബൈറ്റ്‌സ്‌

ആരാണ്‌ നെറ്റിസണ്‍?

ഇന്റര്‍നെറ്റിലും ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും സജീവമായി ഇടപെടുകയും കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്ന പൗരന്‍.InterNET , citIZEN എന്നീ വാക്കുകള്‍ ചേര്‍ന്നുണ്ടായ പുതിയ വാക്ക്‌


Quotable Quote:

"Think big, Think fast, Think ahead. Ideas are no one's monopoly"

Dhirubhai Ambani

Tuesday 22 January 2008

നാനോ പ്രിന്റര്‍

2008 മിക്കവാറും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്‌ നാനോവര്‍ഷം എന്നാകും. പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്‌ചകളില്‍ തന്നെ പുറത്ത്‌ വന്ന ടാറ്റാ മോട്ടോഴ്‌സിന്റെ നാനോകാര്‍ വാഹനപ്രേമികളുടെ ആവേശമായി. എന്തിന്‌ ഓട്ടോ എക്‌സ്‌പോ പോലും നാനോ ഓട്ടോ എക്‌സ്‌പോ എന്നറിയാന്‍ തുടങ്ങി. തുടര്‍ന്ന്‌ എച്ച്‌.സി.എല്‍ ന്റെ നാനോ ലാപ്‌ടോപ്പ്‌ കംപ്യൂട്ടര്‍ വിപണിയിലെത്തുന്നതിനും 2008 ന്റെ ആദ്യ ആഴ്‌ചകള്‍ തന്നെ സാക്ഷ്യം വഹിച്ചു. നാനോ ലാപ്‌ടോപ്പിന്റെ വലിപ്പവും വിലയും നാനോ പോലെ കുഞ്ഞനാണ്‌. എന്നാല്‍ പ്രിന്റര്‍ രംഗത്തെ ഇത്തിരിക്കുഞ്ഞനും ലാസ്‌വാഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ ഷോയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. രണ്ടു മൂന്ന്‌ മാസങ്ങള്‍ക്കകം ഇത്‌ വിപണിയിലെത്താന്‍ തയ്യാറെടുത്തുകഴിഞ്ഞു. കൈയ്യിലോ പോക്കറ്റിലോ കൊണ്ടുനടക്കാവുന്ന ഈ നാനോ പ്രിന്റര്‍ ഫോട്ടോഗ്രാഫിക്‌ രംഗത്തെ അതികായരായ പോളറോയ്‌ഡ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. വില നൂറ്റമ്പത്‌ ഡോളര്‍ മാത്രം, വലിപ്പമോ ഒരു ചീട്ടുകെട്ടിന്റെയത്രയും. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 120 മി.മി നീളം, 72 മി.മി വീതി, 23.5 മി.മീ കനം ഉള്ള നാനോ പ്രിന്റര്‍ 7.2 വോള്‍ട്ട്‌ ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണില്‍ നിന്നോ, ഡിജിറ്റല്‍ കാമറയില്‍ നിന്നോ ബ്ലൂടൂത്ത്‌, പിക്‌ബ്രിഡ്‌ജ്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ച്‌ വയര്‍ലെസ്‌ ആയോ അല്ലെങ്കില്‍ ഡാറ്റാ കേബിള്‍ ഉപയോഗിച്ച്‌ നാനോയിലേക്ക്‌ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത്‌ പ്രിന്റ്‌ ചെയ്യാന്‍ കേവലം 60 സെക്കന്റ്‌ മതിയാകും.
തെര്‍മര്‍ പ്രിന്റിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഈ ഡിജിറ്റല്‍ ഇന്‍സ്റ്റന്റ ്‌ മൊബൈല്‍ ഫോട്ടോപ്രിന്റര്‍ പ്രവര്‍ത്തിക്കുന്നത്‌. സാധാരണ പ്രിന്ററില്‍ ടോണര്‍, കാറ്റ്‌റിഡ്‌ജ്‌ എന്നിവ ഉപയോഗിച്ചാണ്‌ അച്ചടിക്കുള്ള മഷി ശേഖരിച്ചിരിക്കുന്നത്‌. ഇതും ഇവിടെ അപ്രത്യക്ഷമായിരിക്കുന്നു. സിങ്ക്‌ (ZINK-Zero INK) സാങ്കേതികവിദ്യയാണ്‌ നാനോപ്രിന്റര്‍ സ്വന്തമാക്കിയിരിക്കുന്നത്‌. അതായത്‌ അച്ചടിക്കാന്‍ മഷി വേണ്ട പകരം മഷിപോലെ ഉള്ള പദാര്‍ത്ഥം പുരട്ടിയ 2x3 ഇഞ്ച്‌ വലിപ്പമുള്ള ഫോട്ടോ പേപ്പര്‍ ആണ്‌ നാനോപ്രിന്റര്‍ ഉപയോഗിക്കുന്നത്‌.


ഡൈ തന്മാത്രകളുടെ മൂന്ന്‌ നേര്‍ത്ത പാളി (മഞ്ഞ, മജന്ത, സിയാന്‍) ചേര്‍ത്ത്‌ അടുക്കിയ ഒരു വെള്ള പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ ആണ്‌ പ്രിന്റ്‌ പേപ്പര്‍, ഒരിഞ്ച്‌ വിസ്‌തീര്‍ണ്ണത്തില്‍ 300 കൂര്‍ത്ത്‌, നേര്‍ത്ത ഹീറ്റര്‍ മുനകളിലേക്ക്‌ ചിത്രത്തിന്റെ ഇലക്‌ട്രിക്‌ സിഗ്‌നല്‍ പ്രവഹിക്കുന്നതോടെ ഓരോ മുനയിലും വ്യത്യസ്‌ത തോതില്‍ താപം അനുഭവപ്പെടും. ഈ താപ വ്യത്യാസത്തിനനുസരിച്ച്‌ സിങ്ക്‌ പേപ്പറില്‍ വര്‍ണ വിന്യാസം രേഖപ്പെടുത്തും. താപം പ്രവഹിക്കുന്നതോടെ ഡൈ തന്മാത്രകളുടെ അടുക്കല്‍ പ്രത്യേക രീതിയില്‍ ക്രമീകരിക്കും. താപത്തിന്റെയും സമയത്തിന്റെയും ദൈര്‍ഘ്യമനുസരിച്ചാണ്‌ പ്രിന്റിംഗ്‌. നമ്മുടെ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടിക്കറ്റ്‌ മെഷീനിലും സമാന സാങ്കേതിക സംവിധാനമാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌.താമസിയാതെ ഇത്തരം മൊബൈല്‍ പ്രിന്റര്‍ ഉള്ള സെല്‍ഫോണ്‍, ഡിജിറ്റല്‍ കാമറ എന്നിവ വിപണിയിലെത്തും എന്ന്‌ കരുതാം. ഫോട്ടോ എടുക്കണമെങ്കില്‍ പോളറോയ്‌ഡ്‌ 2 x 3 ഇഞ്ച്‌ പേപ്പര്‍ കൂടി പോക്കറ്റില്‍ കരുതണമെന്ന്‌ മാത്രം, പേപ്പറിന്റെ മറുവശം ഒട്ടിപ്പോ സ്റ്റൈലില്‍ ആയതിനാല്‍ പ്രിന്റ്‌ എടുത്ത്‌ ഉടനെ ഇഷ്‌ടപ്പെട്ട സ്ഥലത്ത്‌ ഒട്ടിച്ച്‌ വയ്‌ക്കുകയുമാകാം.
www.polaroid.com/onthego യില്‍ നാനോ പ്രിന്റര്‍ കാണാം. അഴുക്ക്‌, കറ എന്നിവ പിടിക്കാത്തതും, ചുളുക്ക്‌ വീഴാത്തതുമായ തെര്‍മോ ക്രോമാറ്റിക്‌ പേപ്പര്‍ വാട്ടര്‍ റെസിസ്റ്റന്റ്‌ കൂടിയാണ്‌. ഒറ്റത്തുള്ളി മഷിയും വേണ്ടാത്ത സിങ്ക്‌ സാങ്കേതിക വിദ്യ തന്നെയാണിതിന്റെ ഹൃദയം.